Skip to main content

കൂവള വൄക്ഷം


 കൂവളം

 വില്ല്വം, മാലൂരം, ശാണ്ഡില്യം, ശൈലൂഷം, ശ്രീഫലം, ശിവദ്രുമം, മഹാകപിത്ഥ, മംഗല്യ, സദാഫല എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവർക്ക് കൂവളം പരമ പവിത്രമായ ഒരു പുണ്യവൄക്ഷമാണ്. കൂവള വൃക്ഷത്തെ കാണുന്നതുതന്നെ പുണ്യമായി കരുതുന്നു. മൂന്നു ദളങ്ങൾ കൂടിയതാണ് കൂവളത്തില. അത് സത്വ രജോ തമോ ഗുണങ്ങളേയും ശിവന്റെ ആയുധമായ ത്രിശൂലത്തേയും, മൂന്നു കണ്ണുകളേയും പ്രതിനിധീ കരിക്കുന്നതാണ്. സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ പ്രതിരൂപമായിട്ടാണ് പുരാണങ്ങളിൽ കൂവളത്തെ വിവരിച്ചിരിക്കുന്നത്. കൂവളം ഉണ്ടായതിനു പി ന്നിൽ ഒരു കഥയുണ്ട്.


വിഷ്ണു പത്നിയായ ലക്ഷ്മീദേവി നിത്യവും ശിവപൂജ ചെയ്തിരുന്നത് ആയിരം താമരപൂക്കൾ കൊണ്ടായിരുന്നു. ഒരു ദിവസം പൂജാസമയത്ത് ആയിരം പൂക്കളിൽ രണ്ടെണ്ണം കുറവായി കണ്ടു. ദേവിക്ക് സങ്കടവും അമ്പരപ്പും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ദുഖിച്ചു നിൽക്കുമ്പോൾ ഭർത്താവായ വിഷ്ണുവിന്റെ വാക്കുകൾ ഓർമ്മ വന്നു. പലപ്പോഴും വിഷ്ണു  ദേവിയുടെ മനോഹരങ്ങളായ കുചങ്ങളെ താമരമൊട്ടുകളോട് ഉപമിച്ച് വർണ്ണിക്കാറുണ്ടായിരുന്നു. അതിനായി കുറവു വന്ന രണ്ടു താമരപ്പൂക്കൾക്കു പകരമായി തന്റെ കുചങ്ങളെ മുറിച്ച് പൂജചെയ്യാൻ തീരുമാനിച്ചു .ഒന്നിനെ മുറിച്ചു കഴിഞ്ഞപ്പോൾ ശിവൻ ദേവിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും, പൂജയിൽ താൻ സന്തുഷ്ടനാണെന്നും ഇത്തരം സാഹസങ്ങൾ മേലിൽ കാട്ടരുതെന്നും പറഞ്ഞുകൊണ്ട് ദേവിയെ അനുഗ്രഹിച്ചു. മുറിച്ചെടുത്തു സമർപ്പിച്ച കുചം  വീണ്ടും വരികയും ചെയ്തു. മാത്രമല്ല മുറിച്ചു കളഞ്ഞ കുചത്തിൽ നിന്ന് തനിക്ക് പൂജയ്ക്കുവേണ്ട അതിവിശ്ഷ്ടമായ ഒരു വൃക്ഷം ഉണ്ടാകുമെന്നും ദേവിയോടു പറഞ്ഞു. ആ മുറിച്ചു കളഞ്ഞ കുചത്തിൽ നിന്നുണ്ടായതാണ് കൂവളം എന്ന് പുരാണത്തിൽ പറയുന്നു. ലക്ഷ്മീദേവിയിൽ നിന്നും ജന്മം കൊണ്ട  കൂവളം ശ്രീഭിക്ഷ എന്ന പേരിലും അറിയപ്പെടുന്നു.

വൃക്ഷത്തിൽ നിന്ന് പറിച്ചെടുത്ത കൂവളയില തുടർച്ചയായി ആറുമാസം വരെ ഉപയോഗിക്കാം. ആറുമാസം വരെ നിർമ്മാല്യ ദോഷമില്ലെന്നർത്ഥം.

തുളസീ വത്സരം ചൈവ പരാർദ്ധംവ വില്വമേചവ 
ചെക്കി താമര സപ്താഹം അന്യപുഷ്പം ദിനേദിനേ”

ശിവക്ഷേത്രങ്ങളിൽ പ്രധാനമായും കൂവളമരത്തിനും , ഇലയ്ക്കും വളരെ പ്രധാനമായ സ്ഥാനമുണ്ട്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും, ശാഖകൾ വേദവും, വേരുകൾ രുദ രൂപവുമാണെന്നാണ് വിശ്വാസം.ഇതിലെ ഇലകൾ മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. അവ പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചു വരുന്നത്. ജന്മപാപങ്ങൾ ഇല്ലാതാകുന്ന ഒരു ദിവ്യ വൃക്ഷമായി കൂവളത്തെ കരുതുന്നു. ശിവന്റെ പ്രധാന വഴിപാടാണ്  കൂവളമാല. ചിത്തിരനാളുകാരുടെ ജന്മവൃക്ഷം കൂവളമാണ്. ചിത്തിര നാളുകാർ കൂവള വൃക്ഷം നട്ടുപിടിപ്പിക്കുന്നതും, വൃക്ഷങ്ങൾക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നതും അവയെ ആരാധിക്കുകയും ചെയ്താൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. കൂവള വൃക്ഷച്ചുവട്ടിൽ നിത്യവും ദീപം തെളിയിക്കുന്നതും, ചുവട്ടിലെ മണ്ണ് എടുത്ത് പൊട്ടുതൊടുന്നതും ഉത്തമമാണ്.

കൂവള വൃക്ഷത്തെ വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക,നശിപ്പിക്കുക, വൃക്ഷ പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ ദോഷകരമാണ്.

കൂവളം കെട്ടയിടം  നാഥനില്ലാത്തിടം എന്നൊരു ചൊല്ലുണ്ട്

ഒരു കൂവളം നട്ടുവളർത്തിയാൽ  അശ്വമേധയാഗം ചെയ്ത ഫലവും, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ഫലവും, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലവും, ഗംഗയിൽ കുളിച്ച ഫലവുമൊക്കെ കിട്ടുമെന്ന് പുരാണങ്ങളിൽ പറയുന്നു.

കൂവള ചുവട്ടിലിരുന്നു  പഞ്ചാക്ഷര മന്ത്രം ജപിക്കുന്നത് സകല പാപങ്ങളും നശിക്കുന്നതിന് കാരണമായിത്തീരും. അമാവാസി, പൗർണ്ണമി, മാസ പ്പിറവി, അഷ്ടമി, നവമി, തിങ്കളാഴ്ച തുടങ്ങിയ ദിവസങ്ങളിൽ കൂവളത്തില പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം. അത് ശിവകോപത്തിന് കാരണമാകും.










Published by: Prakash g Nath on behalf of : Chenkody Shri..Surveswaran ji & Manjalumoodu Shri.Dhamodharan ji.


Comments