വാത്മീകി“
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകർമ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാൻ”
ശ്രദ്ധാവതി നഗരത്തിൽ വരുണദേവൻ്റെ പത്താമത്തെ പുത്രനായി പിറന്നവനാണ് വാത്മീകി.
ശിശു ജനിച്ച ഉടനെ തന്നെ അരമന ജ്യോത്സ്യനെ കൊണ്ട് വരുണൻ ജാതകം കുറിച്ചു. അതിൻ പ്രകാരം ജോത്സ്യൻ പറഞ്ഞു ശിശുവിൻ്റെ വലതു തോളിൻ്റെ പിൻ ഭാഗത്ത് മത്സ്യാകൃതിയിലുള്ള കറുത്ത മറുക് ഉണ്ടായിരിക്കുവാൻ സാദ്ധ്യതയുണ്ട്. അപ്രകാരം ഉണ്ടെങ്കിൽ വിയോഗ ദുഃഖമാണ് ഫലം.
ജനനം ശകടയോഗത്തിലാകയാൽ കുലധർമ്മവും ആചാരവും വെടിഞ്ഞ് നീചകൃത്യങ്ങളിൽ വ്യാപൃതനാകുവാനും സാദ്ധ്യതകൾ കാണുന്നു. യോഗകാരകനായ ഗുരു, ജ്ഞാനദായകനായ ബുധനുമായി ബലവാനായി സ്ഥിതി ചെയ്യുന്നതിനാൽ ഈശ്വരാധീനത്താൽ വിഖ്യാതനായി ഭവിക്കുന്നതിനുള്ള ഉപരിയോഗവും കാണുന്നുണ്ട്. ഇതായിരുന്നു നവജാത ശിശുവിൻ്റെ സാമാന്യജാതക ഫലം.
ഈ സമയം വരുണ രാജധാനിയിലെത്തിയ നാരദൻ വരുണൻ്റെ ദുഃഖം കണ്ട് ഇങ്ങനെ പറഞ്ഞു. ഒരാൾ എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നത് ഈശ്വരനാണ്. അങ്ങയുടെ പുത്രൻ നാളെയുടെ വരപ്രസാദമാണ്. ലോകം ഉള്ളിടത്തോളം കാലം ഈ കു ഞ്ഞിൻ്റെ പേരും പെരുമയും നിലനിൽക്കുകയും ചെയ്യും. വരുണ രാജധാനിയിൽ നിന്ന് പോയ നാരദൻ ചെന്നത് അഗ്നിദേവൻ്റെ നഗരമായ തേജോവതിയിലാണ്.
അഗ്നിദേവ, ബ്രഹ്മദേവൻ്റെ നിർദ്ദേശം അങ്ങയെ അറിയിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. വരുണ ദേവന് പത്താമതായി ഒരു പുത്രൻ ജനിച്ചിട്ടുണ്ട്. ആ ശിശുവിനെ വനത്തിലാക്കേണ്ട ചുമതല അങ്ങയുടേതാണ് എന്ന് നാരദൻ അഗ്നിദേവനോടു പറഞ്ഞു.
അഗ്നിദേവൻ വിസമ്മതിച്ചെങ്കിലും ബ്രഹ്മകൽപ്പനയാകയാൽ അഗ്നിദേവൻ അതിന് സമ്മതിച്ചു. അൽപ്പസമയത്തെ ആലോചനയ്ക്കുശേഷം ഭീമാകാരനായ ഒരു കഴുകൻ്റെ രൂപത്തിൽ അഗ്നിദേവൻ വരുണൻ്റെ കൊട്ടാരത്തിലെത്തി. ഗോപുരത്തിൻ്റെ താഴികക്കുട ചുവട്ടിൽ മറഞ്ഞിരുന്ന അഗ്നിദേവൻ സാവകാശത്തിൽ പറന്നടുത്ത് വെൺപട്ടിൽ പൊതിഞ്ഞ് കുളിപ്പിക്കാനായി കിടത്തിയിരുന്ന കുഞ്ഞിനെ കൊത്തിയെടുത്തുകൊണ്ട് പറന്നുപോയി അകലെ ഒരു വനത്തിൽ കൊണ്ടുചെന്നിട്ടു.
കാട്ടിൽ കിടന്ന കുഞ്ഞിനെ വനത്തിൽ വേട്ടയാടാനായി ചെന്ന നമ്പിരാജനെന്ന കാട്ടുകള്ളൻ കാണാനിടയായി. അവന് മക്കൾ ഇല്ലായിരുന്നു. നമ്പിരാജന് ഈ കുഞ്ഞിനെ കണ്ടപ്പോൾ തന്നെ സന്തോഷ മായി, അവൻ കുഞ്ഞിനെ എടുത്ത് തൻ്റെ കുടിലിലേക്ക് കൊണ്ടു പോയി, അയാളുടെ ഭാര്യയായ അഞ്ചലയെ ഏൽപ്പിച്ചു. നമ്പിരാജനും, അഞ്ചലയും കുഞ്ഞിന് രത്‌നാകരൻ എന്ന പേരും ഇട്ടു.
വിവാഹപ്രായമായ രത്നാകരന്, നമ്പിരാജൻ്റെ സ്നേഹിതനായ നഞ്ചപ്പൻ എന്ന കള്ളൻ്റെ മകളായ വല്ലിയമ്മയെ വിവാഹം ചെയ്തു വച്ചു. വല്ലിയമ്മയിൽ രത്നാകരന് നാല് മക്കളും ഉണ്ടായി.
അങ്ങനെ ദേവകുമാരനായി ജനിച്ച് കാട്ടുജാതിക്കാരൻ്റെ മകനായി വളർന്ന് കൊള്ളക്കാരനായി മാറി രത്നാകരൻ.
അവലംബം : രാമായണത്തെ അറിയുക ; രാമനേയും .....
Published by-Prakash g Nath on behalf of shri.CHENKODY SURVESWARANJI & shri.MANJALUMOODU DHAMODHARANJI
.jpg)
Comments
Post a Comment