കുംഭമാസത്തിലെ ശിവരാത്രിയോടനുബന്ധിച്ച് തെക്കൻ തിരുവിതാംകൂറിലുളള പന്ത്രണ്ടു ശിവാലയങ്ങളിലുമായി നടത്തുന്ന ഒരാചാരമാണ് ശിവാലയ ഓട്ടം. ഗോവിന്ദ - ഗോപാല എന്നു വിളിച്ചുകൊണ്ട് രണ്ടു രാത്രിയും ഒരു പകലും കൊണ്ട് ഈ ശിവക്ഷേത്രങ്ങളിലെല്ലാം ഓടിയെത്തുന്ന ഒരു ചടങ്ങാണിത്. ശിവക്ഷേത്രങ്ങളിൽ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കർമ്മം. ശൈവ വൈഷ്ണവത്തിൻ്റെ ഒത്തു ചേരൽ എന്നുവേണം ഇതിനെ കാണാൻ.
ഇതിനു പുറകിലൊരു ഐതീഹ്യമുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമുനി മുജ്ജന്മത്തിൽ ഗൗതമ മുനിയായിരുന്നു. അദ്ദേഹം ശിവനെ ദീർഘ കാലം തപസ്സുചെയ്ത് രണ്ടു വരങ്ങൾ നേടി. അതിലൊന്ന് ശിവപൂജയ്ക്ക് പോറലേൽക്കാതെ പൂക്കൾ പറിക്കാനായിട്ട് കൈ നഖങ്ങളിൽ കണ്ണ് വേണം. മറ്റൊന്ന് ഏതു മരത്തിലും കയറി പൂജയ്ക്കു വേണ്ടുന്ന പൂക്കൾ ശേഖരിക്കാനായി പുലിയെപ്പോലെ നഖങ്ങളുളള പാദങ്ങൾ.ശിവൻ്റെ അനു ഗ്രഹത്താൽ ഈ രണ്ടു വരങ്ങളും ലഭിച്ചതോടെ അദ്ദേഹം വ്യാഘപാദ മഹർഷിയായി.
കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവർ നടത്തുന്ന അശ്വമേധത്തിന് വ്യാഘപാദ മഹർഷിയെ മുഖ്യ അഥിതിയാക്കാൻ ശ്രീകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശിവൻ്റെ മാഹാത്മ്യം - ശ്രീകൃഷ്ണനു ചൊല്ലിക്കൊടുത്ത ഉപമന്യുവിൻ്റെയും അനുജൻ ധൗമ്യൻ്റെയും പിതാവാണ് വ്യാഘപാദനെന്നത് അതിന് ഒരു കാരണം. വ്യാഘപാദൻ്റെ വിഷ്ണുവിനോടുള്ള വെറുപ്പു കുറയ്ക്കാൻ ഈ ക്ഷണം ഉപയുക്തമാകുമെന്നത് മറ്റൊരു കാരണം. മഹർഷിയെ ക്ഷണിക്കാൻ ഭീമസേനനെയാണ് ചുമതലപ്പെടുത്തിയത്. അപ്പോൾ ശ്രീകൃഷ്ണൻ പന്ത്രണ്ടു രുദ്രാക്ഷങ്ങളേയും ഭീമനു കൊടുത്തു.
തിരുവിതാംകൂറിൻ്റെ തെക്കു ഭാഗത്തുള്ള താമ്രവർണ്ണി നദീതീരത്ത് മുനിമാർ തോട്ടം എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സ് അനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു വ്യാഘ്രപാദൻ. ഭീമസേനൻ അവിടെ ചെന്ന് ശ്രീകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം 'ഗോവിന്ദ ഗോപാല ' എന്നു വിളിച്ചു. ശിവഭക്തനായ മുനി വിഷ്ണുവിൻ്റെ നാമം കേട്ട് കോപിച്ച് ഭീമൻ്റെ പുറകെ ചെന്നു. മഹർഷി വരുന്നതുകണ്ട് ഭീമൻ ഓടി രക്ഷപ്പെട്ടു. കുറെ ഓടിയപ്പോൾ ക്ഷീണിച്ച ഭീമൻ കൈവശമുണ്ടായിരുന്ന രുദ്രാക്ഷങ്ങളിലൊന്നിനെ ഒരു സ്ഥലത്തു വെച്ചു. ഉടനെ തന്നെ രുദ്രാക്ഷം ഒരു ശിവലിംഗമായി മാറി. ശിവലിംഗം കണ്ട് കോപം ശമിച്ച മഹർഷി കുളിച്ച് ശുദ്ധി വരുത്തി ശിവലിംഗ പൂജ ചെയ്തു. അപ്പോൾ ഭീമൻ വീണ്ടും ഗോവിന്ദ ഗോപാലാ എന്ന് മഹർഷി കേൾക്കും വിധത്തിൽ ഉച്ചത്തിൽ വിളിച്ചു. മുനിക്ക് ഇത് കേട്ട് കോപം വന്ന് ഭീമനു പിറകെ ഓടി. അപ്പോൾ ഭീമൻ രണ്ടാമത്തെ രുദ്രാക്ഷത്തെ ഒരു സ്ഥലത്തു വെച്ചു. രുദ്രാക്ഷം, ശിവലിംഗമായി മാറിയതു കണ്ട് മുനി വീണ്ടും കുളിച്ച് ശിവലിംഗ പൂജ ചെയ്തു. ഇപ്രകാരം പന്ത്രണ്ട് രുദ്രാക്ഷങ്ങളെയും ഭീമൻ ഉപയോഗിച്ചു.പന്ത്രണ്ടാമത്തെ രുദ്രാക്ഷത്തെ തിരുനട്ടാലത്തിലാണ് വച്ചത്.എന്നിട്ട് മുനിയുടെ കോപത്തിന് വിധേയനായ ഭീമൻ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ശ്രീകൃഷ്ണൻ പ്രത്യക്ഷനായി. മഹർഷിക്ക് ശിവൻ്റെ രൂപത്തിലും ഭീമന് വിഷ്ണുവിൻ്റെ രൂപത്തിലും നട്ടാലത്തിൽ വച്ച് ദർശ്ശനം കൊടുത്തു. അങ്ങനെ അവിടെ ശങ്കരൻ്റെയും നാരായണൻ്റെയും പ്രതിഷ്ഠ ഉണ്ടായി. അങ്ങനെ മഹർഷിയുടെ കോപം ശമിപ്പിച്ച് തൃപ്തനാക്കി. അശ്വമേധയാഗത്തിന് കൊണ്ടുപോയി.
അങ്ങനെ ഭീമൻ്റെ ഓട്ടത്തിനെ അനുസ്മരിപ്പിച്ചാണ് ശിവാലയ ഓട്ടം നടന്നുകൊണ്ടിരിക്കുന്നത്.
ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ.
മുനിമാർ തോട്ടത്തിൽ (തിരുമല) - ശൂലപാണി
തിക്കുറുശ്ശിയിൽ -നന്ദി വാഹന പ്രതിഷ്ഠയില്ലാത്ത മഹാദേവൻ
തൃപ്പരപ്പിൽ - ദക്ഷനെ വധിച്ച വീരഭദ്രൻ
തിരുനന്ദിക്കരയിൽ - നന്ദികേശ്വരൻ
പൊന്മനയിൽ - തീമ്പിലാധിപൻ. ആദ്യം രുദ്രാക്ഷത്തെ കണ്ട തീമ്പൻ എന്ന ഭക്തന് ദർശനം കൊടുത്ത രൂപം
പന്നിപ്പാകത്തിൽ - കിരാതകഥയോടനുബന്ധിച്ച കാലഭൈരവൻ
കൽക്കുളത്ത് - പാർവ്വതീസമേതനായ നീലകണ്ഠസ്വാമി - പാർവ്വതി പ്രതിഷ്ഠ ഉളളതും രഥോത്സവം നടത്തുന്നതും പന്ത്രണ്ടു ക്ഷേത്രങ്ങളിൽ ഇവിടെ മാത്രമാണ്.
മേലാംകോട്ടിൽ - കാലകാലൻ,
തിരുവിടക്കോട്ടിൽ- ചട (ജട) യപ്പൻ,
തിരുവിതാംകോട്ടിൽ - ശാന്തസ്വരൂപനായിട്ടും
തൃപന്നിയോട്ടിൽ - വരാഹത്തിൻ്റെ കൊമ്പ് മുറിച്ച രൂപം
തിരുനട്ടാലത്ത് - അർദ്ധനാരീശ്വരൻ എന്നിങ്ങനെയാണ്.
ഓട്ടത്തിൽ പങ്കു ചേരുന്ന ഭക്തരെ ഗോവിന്ദന്മാരെന്നു പറയുന്നു. കുംഭമാസത്തിൽ ഏകാദശിക്ക് ഒരാഴ്ചമുമ്പ് മാലയിട്ട് വ്രതമാരംഭിക്കണം. ഈ ദിവസങ്ങളിൽ സ്വഗൃഹങ്ങളിൽ നിന്ന് ആഹാരം പാടില്ല. ക്ഷേത്രത്തിലെ നൈവേദ്യച്ചോറു മാത്രമെ ഭക്ഷിക്കാവു. രാത്രിയിൽ കരിക്കും പഴവും മാത്രമേ പാടുളളു. ത്രയോദശി നാളിൽ ഉച്ചക്ക് ആഹാരം കഴിച്ച്, വൈകുന്നേരം കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയിൽ സന്ധ്യാദീപം ദർശിച്ച് ഓട്ടമാരംഭിക്കുന്നു. വെള്ളമുണ്ടും അതിൻമേൽ ചുറ്റിയ ചുവന്ന കച്ച യുമാണ് വേഷം. കൈയിൽ ഒരു വിശറിയും ഉണ്ടാകും. ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണിത്. വിശറിയുടെ അറ്റത്ത് രണ്ടു തുണി സഞ്ചികളുമുണ്ടാകും ഒന്നിൽ ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദം നിറയ്ക്കാൻ, മറ്റേതിൽ വഴിയാത്രയ്ക്കാവശ്യമായ പണം സൂക്ഷിക്കാൻ.
ഒരോ ക്ഷേത്രത്തിലും ചെല്ലുമ്പോൾ കുളിച്ച് ഈറനോടെ വേണം ദർശ്ശനം നടത്താൻ
. 12 ശിവാലയങ്ങളിൽ 6 എണ്ണത്തിൽ മണലിക്കര മഠത്തിനും, 4 എണ്ണത്തിൽ വഞ്ചിയൂരിനും ഓരോ ക്ഷേത്രങ്ങളിൽ നെടുവിളാകത്തിനും തരണനല്ലൂരിനുമാണ് താന്ത്രികാവകാശം.
Published by: Prakash g Nath on behalf of : Chenkody Shri..Surveswaran ji & Manjalumoodu Shri.Dhamodharan ji.


Comments
Post a Comment